Banner Ads

ചുവപ്പിറങ്ങി, യുഡിഎഫ് വരുന്നു; വികസന പെരുമയ്ക്കിടയിലും ഭരണത്തുടർച്ചയില്ലാതെ എൽഡിഎഫ്

തിരുവനന്തപുരം : പത്തു വർഷം നീണ്ടുനിന്ന എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ച് യുഡിഎഫ് അധികാരത്തിലേക്ക്. രാജ്യത്തെ അവശേഷിച്ച ഏക ഇടത് സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മേയ് 4നാണ് പിണറായി വിജയൻ സർക്കാർ പടിയിറങ്ങിയത്. 102 സീറ്റുകളുടെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് കേരളത്തിന്റെ ഭരണം പിടിച്ചെടുത്തത്.

കഴിഞ്ഞ തവണ 99 സീറ്റുകളുമായി അധികാരത്തിലേറിയ ഇടത് മുന്നണി ഇത്തവണ കേവലം 35 സീറ്റുകളിലേക്ക് ചുരുങ്ങി. പത്തു വർഷത്തെ ഭരണകാലയളവിൽ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പിണറായി സർക്കാരിന് സാധിച്ചിട്ടുണ്ട്. കിഫ്ബി എന്ന ധനകാര്യ സംവിധാനത്തെ കാര്യക്ഷമമായി ഉപയോഗിച്ചതാണ് ഇതിൽ പ്രധാനം.

മുൻ സർക്കാരുകൾക്ക് കിഫ്ബി ഉപയോഗപ്പെടുത്തുന്നതിൽ ഉണ്ടായ പോരായ്മകൾ പരിഹരിച്ച് ഡോ കെഎം എബ്രഹാമിന്റെ നേതൃത്വത്തിൽ ഈ സംവിധാനത്തെ ഉടച്ചുവാർത്തത് 2016ലെ ഒന്നാം പിണറായി സർക്കാരിന്റെ പ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നു. സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി. കിഫ്ബി വഴി 45000 സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കിയതും പഴയ കെട്ടിടങ്ങൾ നവീകരിച്ചതും വലിയ മാറ്റമുണ്ടാക്കി.

താലൂക്ക്, ജനറൽ ആശുപത്രികളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തി. മികച്ച കെട്ടിടങ്ങളും അത്യാധുനിക സൗകര്യങ്ങളും സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കി. ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്തുടനീളം വലിയ പാലങ്ങളും മികച്ച നിലവാരമുള്ള റോഡുകളും നിർമ്മിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം നടത്തിയപ്പോഴും ദൈനംദിന ഭരണനിർവ്വഹണത്തിലെ വീഴ്ചകൾ സർക്കാരിന് വെല്ലുവിളിയായി. ആരോഗ്യരംഗത്തെ ഭൗതിക പുരോഗതിക്കിടയിലും ശസ്ത്രക്രിയയ്ക്കിടയിൽ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവം പോലുള്ള ഗുരുതരമായ വീഴ്ചകൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു.