Banner Ads

ഞങ്ങൾ മുൻകൂട്ടി കണ്ട വിജയം, ഇനി ഭരണം; സിപിഎമ്മിനെ പരിഹസിച്ച് കെ സുധാകരൻ, മുഖ്യമന്ത്രി ചർച്ചകൾ നാളെ

കണ്ണൂർ : കേരളത്തിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയം കോൺഗ്രസ് നേതാക്കൾ മുൻകൂട്ടി കണ്ടതാണെന്ന് കെ സുധാകരൻ എംപി. ജനവികാരം കൃത്യമായി മനസ്സിലാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചതിന്റെ തെളിവാണ് ഈ വിജയമെന്നും സുധാകരൻ പറഞ്ഞു. ഞങ്ങൾ യുഡിഎഫുകാർ കേരളം ഭരിക്കും. ഇനിയും ഭരിക്കാനുള്ള അവസരം ഞങ്ങൾക്കുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

രമേശ് ചെന്നിത്തലയുടെ ഡൽഹി സന്ദർശനം മുഖ്യമന്ത്രി പദത്തിനായുള്ള ചർച്ചകൾക്ക് വേണ്ടിയാണോ എന്ന് തനിക്കറിയില്ലെന്ന് സുധാകരൻ പ്രതികരിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള നിർണ്ണായകമായ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം നാളെ തിരുവനന്തപുരത്ത് ചേരും. ഹൈക്കമാൻഡ് പ്രതിനിധികളായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ നിരീക്ഷകരായി നാളെ കേരളത്തിലെത്തും.

ഇവർ ഓരോ എംഎൽഎമാരെയും നേരിൽക്കണ്ട് അഭിപ്രായം തേടിയ ശേഷം റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറും. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കായി അണിയറയിൽ ഗ്രൂപ്പ് പോര് മുറുകുകയാണ്. എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ മൂന്ന് പക്ഷങ്ങളും സജീവമായി രംഗത്തുണ്ട്.