Banner Ads

പേരാവൂരിൽ സണ്ണി തിളക്കം; ശൈലജ ടീച്ചറെ തളച്ച് സണ്ണി ജോസഫിന് നാലാം ഊഴം

പേരാവൂർ : കേരളം ഉറ്റുനോക്കിയ സ്റ്റാർ പോരാട്ടത്തിനൊടുവിൽ പേരാവൂരിന്റെ മണ്ണ് വീണ്ടും സണ്ണി ജോസഫിനൊപ്പം. ഇടതുകോട്ടകൾ തകർക്കാൻ കെകെ ശൈലജ ടീച്ചറെ അണിനിരത്തിയ എൽഡിഎഫിന്റെ പടയോട്ടത്തെ അതിജീവിച്ച് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ സണ്ണി ജോസഫ് 14453 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.

തുടർച്ചയായ നാലാം തവണയാണ് സണ്ണി ജോസഫ് പേരാവൂരിനെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. സണ്ണി ജോസഫ് 76140 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ 61687 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി പൈലി വേലിയാട്ട് 8020 വോട്ടുകളും നേടി. രൂപീകരണ കാലം മുതൽ കോൺഗ്രസ് അനുകൂല ചിന്താഗതിയുള്ള പേരാവൂരിൽ 2006ലെ ചരിത്രം ആവർത്തിക്കാൻ ശൈലജ ടീച്ചർക്ക് കഴിഞ്ഞില്ല.

കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങളും മണ്ഡലത്തിലെ വികസന കാര്യങ്ങളും സജീവ ചർച്ചയായ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ സണ്ണി ജോസഫ് നേടിയ വ്യക്തമായ ആധിപത്യമാണ് വിജയത്തിൽ നിർണ്ണായകമായത്. ഇരിട്ടി നഗരസഭയും കൊട്ടിയൂർ കേളകം അടക്കമുള്ള മലയോര പഞ്ചായത്തുകളും യുഡിഎഫിനെ തുണച്ചു.

സംസ്ഥാനത്തെ കരുത്തയായ നേതാവിനെ തന്നെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാൻ സിപിഎം ശ്രമിച്ചെങ്കിലും സണ്ണി ജോസഫിന്റെ വ്യക്തിപരമായ ജനസ്വാധീനത്തിന് മുന്നിൽ അത് ഫലം കണ്ടില്ല.