
കൊട്ടാരക്കര : കേരളം ഉറ്റുനോക്കിയ അതിശക്തമായ പോരാട്ടത്തിനൊടുവിൽ കൊട്ടാരക്കരയുടെ മണ്ണ് ഇടതിനൊപ്പം. യുഡിഎഫ് ഉയർത്തിയ അതിശക്തമായ വെല്ലുവിളിയെ അതിജീവിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ ബാലഗോപാൽ 1012 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിർത്തിയത്. സിപിഎം വിട്ട് യുഡിഎഫ് പാളയത്തിലെത്തി മത്സരിച്ച പി ആയിഷ പോറ്റി സൃഷ്ടിച്ച അട്ടിമറി ഭീഷണിയെ കഷ്ടിച്ചാണ് ബാലഗോപാൽ മറികടന്നത്.
വിജയിച്ച കെഎൻ ബാലഗോപാൽ 63926 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി പി ആയിഷ പോറ്റി 62914 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി ആർ രശ്മി 20664 വോട്ടുകളും നേടി. സിപിഎമ്മിനെ അവരുടെ തന്നെ മുൻ കരുത്തരെ ഉപയോഗിച്ച് തകർക്കുക എന്ന കോൺഗ്രസ് തന്ത്രം വലിയ ചലനമുണ്ടാക്കിയെങ്കിലും ഭാഗ്യം ബാലഗോപാലിനെ തുണച്ചു.
കൊട്ടാരക്കര നഗരസഭയും എഴുകോൺ, കരീപ്ര, മൈലം, കുളക്കട, നെടുവത്തൂർ, ഉമ്മന്നൂർ, വെളിയം പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലത്തിലെ വൈവിധ്യമാർന്ന സാമൂഹിക ഘടന ഇത്തവണ ഇരുമുന്നണികളെയും ഒരുപോലെ പരീക്ഷിച്ചു.