
തിരുവനന്തപുരം : കേരളം ഉറ്റുനോക്കിയ രണ്ടാം നേമം പോരാട്ടത്തിൽ എൻഡിഎയ്ക്ക് ഉജ്ജ്വല വിജയം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയ രാജീവ് ചന്ദ്രശേഖർ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ വി ശിവൻകുട്ടിയെ അട്ടിമറിച്ചാണ് മണ്ഡലം തിരിച്ചുപിടിച്ചത്.
ഒ രാജഗോപാലിലൂടെ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലത്തിൽ ഇത്തവണ സംസ്ഥാന അധ്യക്ഷൻ തന്നെ നേരിട്ട് കളത്തിലിറങ്ങിയത് വലിയ വാശിയേറിയ ത്രികോണ മത്സരത്തിനാണ് വഴിയൊരുക്കിയത്. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ നേടിയ മുന്നേറ്റവും നേമം മണ്ഡലത്തിലെ വാർഡുകളിൽ ലഭിച്ച 6000ത്തോളം വോട്ടുകളുടെ മേൽക്കൈയും ബിജെപിയുടെ വിജയത്തിൽ നിർണ്ണായകമായി.
രണ്ടാം പിണറായി സർക്കാരിലെ പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയിലുള്ള വി ശിവൻകുട്ടിയുടെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് വോട്ട് തേടിയത്. എന്നാൽ ശക്തമായ സംഘടനാ സംവിധാനവും മോദി സർക്കാരിന്റെ വികസന നയങ്ങളും മുൻനിർത്തി രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രചാരണം നേമത്തെ വോട്ടർമാരെ സ്വാധീനിച്ചു. കെഎസ് ശബരീനാഥിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന യുഡിഎഫ് പ്രതീക്ഷകൾ ഇത്തവണയും ഫലം കണ്ടില്ല.