Banner Ads

വേളാങ്കണ്ണി പള്ളിയിൽ ടിവികെ പ്രവർത്തകരുടെ പ്രതിഷേധം, ശുശ്രൂഷകൾ തടസ്സപ്പെട്ടു

ചെന്നൈ : വേളാങ്കണ്ണി സെന്റ് മേരീസ് ബസിലിക്കയിൽ ടിവികെ (തമിഴക വെട്രി കഴകം) പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് പള്ളി അധികൃതരെയും വിശ്വാസികളെയും പ്രതിസന്ധിയിലാക്കി. നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌യെ കാണാൻ ആയിരത്തിലേറെ പ്രവർത്തകർ പുലർച്ചെ തന്നെ വേളാങ്കണ്ണി പള്ളിയിൽ എത്തിയിരുന്നു.

എന്നാൽ അവസാന നിമിഷം വിജയ് യാത്ര റദ്ദാക്കിയ വിവരം അറിഞ്ഞതോടെ പ്രവർത്തകർ നിരാശരാവുകയും നിയന്ത്രണം വിടുകയും ചെയ്തു. പള്ളിക്കുള്ളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ അൾത്താരയുടെ മുന്നിൽ നിന്ന് മുദ്രാവാക്യങ്ങൾ വിളിച്ചു.

ഇതേത്തുടര്‍ന്ന് പള്ളിയിലെ ശുശ്രൂഷകൾ തടസ്സപ്പെട്ടു. ആരാധനാലയത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും പള്ളി അധികൃതർ ആവശ്യപ്പെട്ടു.