ചെന്നൈ : മണികണ്ഠൻ , ഭാര്യ നിത്യ, രണ്ട് മക്കൾ, മണികണ്ഠന്റെ അമ്മ സരോജ എന്നിവരുൾപ്പെടെ അഞ്ചംഗ കുടുംബത്തെ നിർത്തിയിട്ട കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ട്രിച്ചി-കാരക്കുടി ദേശീയപാതയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാർ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കാർ കണ്ട നാട്ടുകാർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ കാർ ഇതേസ്ഥലത്തുണ്ടായിരുന്നതായി ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കുടുംബം വിഷം കഴിച്ച് കാറിനുള്ളിൽ പൂട്ടിയിട്ടതാണ് കൂട്ട ആത്മഹത്യയിലേക്ക് വിരൽ ചൂണ്ടുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികളാണ് ഈ ഹൃദയഭേദകമായ സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സേലത്ത് ലോഹവ്യാപാരിയാണ് മണികണ്ഠൻ. മണികണ്ഠൻ കാര്യമായ സാമ്പത്തിക ബാദ്ധ്യതകളുണ്ടായിരുന്നു. ഇത് കുടുംബത്തിന്റെ നിരാശാജനകമായ തീരുമാനത്തിലേക്ക് നയിച്ചു. വിഷബാധയാണ് മരണകാരണമെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെങ്കിലും കൃത്യമായ കാരണം വ്യക്തമല്ല.