
കോഴിക്കോട്: കാരശ്ശേരിയിൽ തെന്നിനീങ്ങിയ ജീപ്പിന് കല്ലുവെച്ച് തടയാൻ ശ്രമിക്കുന്നതിനിടെ വാഹനം ദേഹത്തേക്ക് മറിഞ്ഞ് വയോധികൻ മരിച്ചു. തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടി (72) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ഊരാളിക്കുന്ന് കൊളക്കാടൻമലയിലായിരുന്നു നാടിനെ നടുക്കിയ ഈ അപകടം.
ഭാര്യക്കൊപ്പം കൊളക്കാടൻ മലയിലെ കൃഷിസ്ഥലത്തേക്ക് പോവുകയായിരുന്നു അലവിക്കുട്ടി. കയറ്റത്തിൽ വെച്ച് ജീപ്പ് പെട്ടെന്ന് പിന്നിലേക്ക് നിരങ്ങിയപ്പോൾ, ഭാര്യ വാഹനത്തിൽ നിന്നിറങ്ങി ടയറിനടിയിൽ കല്ലുവെച്ചു. എന്നാൽ വാഹനം നിൽക്കാതെ വീണ്ടും പിന്നിലേക്ക് നീങ്ങിയതോടെ അലവിക്കുട്ടി തന്നെ ഇറങ്ങി മറ്റൊരു കല്ലുവെക്കാൻ ശ്രമിച്ചു. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് അലവിക്കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.
ഭാര്യയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ അലവിക്കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാരശ്ശേരി പഞ്ചായത്തിലെ മികച്ച കർഷകനുള്ള പുരസ്കാരം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. കൃഷിയെ ജീവശ്വാസമായി കണ്ട ഒരു കർഷകന്റെ അപ്രതീക്ഷിത വേർപാടിൽ തേക്കുംകുറ്റി ഗ്രാമം ഒന്നടങ്കം വിതുമ്പുകയാണ്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.