Banner Ads

മട്ടന്നൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മട്ടന്നൂർ: മട്ടന്നൂർ നരയൻപാറയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പുളിയനമ്പം കാട്ടിലെ പറമ്പത്ത് സ്വദേശി റഹ്‌മയിൽ മുഹമ്മദ് തസ്ലീം ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഇന്ന് രാവിലെ എട്ടരയോടെ ഇരിട്ടി-മട്ടന്നൂർ റോഡിലെ നരയൻപാറയിലായിരുന്നു ദാരുണമായ സംഭവം. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുത പോസ്റ്റിലിടിക്കുകയും നിമിഷങ്ങൾക്കകം തീപിടിക്കുകയുമായിരുന്നു.അപകടത്തിന് പിന്നാലെ കത്തിയ ബൈക്കും തസ്ലീമും സമീപത്തെ ഓവുചാലിലേക്ക് വീണു.

ആളിക്കത്തുന്ന ബൈക്കിനടിയിൽ കുടുങ്ങിയ തസ്ലീമിനെ നാട്ടുകാർ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല.