
തിരുവനന്തപുരം : സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്കിടെ ആശ്വാസവാർത്തയുമായി കെഎസ്ഇബി. വേനൽമഴയെ തുടർന്ന് താപനില കുറഞ്ഞതോടെ വൈദ്യുതി ഉപഭോഗത്തിൽ ഇടിവുണ്ടായി. ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് അധികൃതർ അറിയിച്ചു.
വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്ത് അര മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു കെഎസ്ഇബി തീരുമാനം. കൂടംകുളം നിലയത്തിൽ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി ലഭിച്ചു തുടങ്ങിയതും കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വിഹിതം പുനഃസ്ഥാപിച്ചതും പ്രതിസന്ധിയുടെ ആഘാതം കുറച്ചു. കടുത്ത വേനലും പുറത്തുനിന്നുള്ള വൈദ്യുതി വിഹിതത്തിൽ വന്ന കുറവുമാണ് ലോഡ് ഷെഡിംഗിലേക്ക് നയിച്ചത്.
ഡാം മാനേജ്മെന്റിലുണ്ടായ വീഴ്ചയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് വർഷവും ഡാമുകളിൽ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും അത് ഫലപ്രദമായി ഉപയോഗിക്കുന്നതിൽ കെഎസ്ഇബി പരാജയപ്പെട്ടതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളത്.