
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകർക്കെതിരെ ഉയർന്ന മാനസിക പീഡന പരാതിയിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
ഡോ അനിത കുമാരി, ഡോ സിഎൽ സ്മിത എന്നിവർക്കെതിരെയാണ് പിജി വിദ്യാർത്ഥികൾ പരാതി നൽകിയത്. പൊതുവേദിയിലും രോഗികൾക്ക് മുൻപിലും വെച്ച് അധ്യാപകർ തങ്ങളെ അപമാനിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
തീസിസ് ഒപ്പിട്ട് നൽകില്ലെന്നും പരീക്ഷയ്ക്ക് മാർക്ക് കുറയ്ക്കുമെന്നും അധ്യാപകർ ഭീഷണിപ്പെടുത്തുന്നതായി 12 വിദ്യാർത്ഥികൾ ഒപ്പിട്ട പരാതിയിൽ പറയുന്നു. കോളേജ് ഗ്രീവിയൻസ് സെൽ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രിൻസിപ്പാൾ ഡിഎംഇക്ക് കൈമാറിയിരുന്നു. ഡിഎംഇ ആണ് തുടർനടപടികൾ സ്വീകരിക്കേണ്ടതെന്ന് പ്രിൻസിപ്പാൾ വ്യക്തമാക്കി.
കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ മെഡിക്കൽ കോളേജ് ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചു. നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രിൻസിപ്പൽ ഓഫീസ് ഉപരോധിക്കുമെന്നാണ് വിദ്യാർത്ഥികളുടെ മുന്നറിയിപ്പ്.