
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിനുള്ളിൽ സജീവമായ മുഖ്യമന്ത്രി ചർച്ചകൾക്ക് തടയിട്ട് കെപിസിസി. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് നേതാക്കളോ പ്രവർത്തകരോ മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കർശന നിർദ്ദേശം നൽകി.
പാർട്ടിക്കും മുന്നണിക്കും പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ തുടർന്നാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഇത്തരം അനാവശ്യ ചർച്ചകളിൽ നിന്ന് പിന്തിരിയാൻ ഹൈക്കമാൻഡ് നേരത്തെ തന്നെ കർശന നിർദ്ദേശം നൽകിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം യുഡിഎഫ് അണികളിലും പൊതുജനങ്ങളിലും വലിയ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ കോൺഗ്രസിലെ ഈ പരസ്യ പോരിനെതിരെ രംഗത്തെത്തിയതും പാർട്ടിയെ പ്രതിരോധത്തിലാക്കി.