
തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ സമാനമായ സാഹചര്യം തുടരുന്നതിനിടയിൽ അടിയന്തര ഇടപെടലുമായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11ന് ചേർന്ന ഉന്നതതല യോഗം പ്രതിരോധ നടപടികൾക്ക് രൂപം നൽകി.
പൊതുവിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചൂട് പ്രതിരോധിക്കാനുള്ള വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. പൊതുവിടങ്ങൾ, ബസ് സ്റ്റാൻഡുകൾ, ഓട്ടോ-ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ അടിയന്തരമായി തണ്ണീർപ്പന്തലുകൾ സജ്ജമാക്കും.
കുടിവെള്ളവും ഒആർഎസ് പാക്കറ്റുകളും ലഭ്യമാക്കും. സ്കൂളുകളിലും അങ്കണവാടികളിലും ചൂട് കുറയ്ക്കുന്നതിനായി കൂൾ റൂഫ് ഒരുക്കാൻ നടപടി സ്വീകരിക്കും. ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹീറ്റ് റെസിലിയന്റ് ആക്കി മാറ്റും. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റി അടിയന്തരമായി ഇടപെടണം.
മഴവെള്ള സംഭരണം വ്യാപകമാക്കാനും യോഗം നിർദ്ദേശിച്ചു. കഠിനമായ വെയിലത്ത് വാഹനയാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും സ്വന്തമായി ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കണം.
ഇതിനായി പ്രത്യേക തുക അനുവദിക്കും. ഇഴജന്തുക്കളുടെ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ മതിയായ ആന്റി വെനം ഉറപ്പാക്കും. സൂര്യാഘാതമേറ്റാൽ പ്രഥമശുശ്രൂഷ നൽകാനുള്ള സൗകര്യങ്ങൾ വിപുലീകരിക്കും.