Banner Ads

ലഹരി തകർത്ത കുടുംബം; കേളകത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

കണ്ണൂർ : കേളകം കൊളക്കാട് താന്നിക്കുന്നിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊളക്കാട് മഠത്തിപറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീത (50) ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി (25) ആണ് കൊല നടത്തിയത്. പിന്നാലെ ഇയാൾ കേളകം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വീട്ടിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

ബംഗളൂരുവിൽ വിദ്യാർത്ഥിയായിരുന്ന ക്രിസ്റ്റി ലഹരിക്ക് അടിമയാണ്. സംഭവ സമയത്ത് ഇവർ രണ്ടുപേരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കേളകം ടൗണിൽ മൊണാലിസ എന്ന ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു ഗീത. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഗീതയുടെ മൃതദേഹം നിലവിൽ പേരാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.