ന്യൂഡൽഹി : ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളും വഷളായ സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്ത് ലെബനനിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കാനും എത്രയും വേഗം രാജ്യം വിടുന്നത് പരിഗണിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി പൗരന്മാരോട് ജാഗ്രത പാലിക്കാനും അവരുടെ നീക്കങ്ങൾ നിയന്ത്രിക്കാനും എംബസിയുമായി ഇമെയിൽ അല്ലെങ്കിൽ എമർജൻസി ഹെൽപ്പ് ലൈൻ നമ്പർ വഴി സമ്പർക്കം പുലർത്താനും അഭ്യർത്ഥിച്ചു.
beirut@mea.gov.in അല്ലെങ്കില്‍ 96176860128 ഫോണ്‍ നമ്പറിൽ ബന്ധപ്പെടാനും എംബസി നിര്‍ദ്ദേശിച്ചു. ചുറ്റുപാടുകളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും അറിഞ്ഞിരിക്കുക, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ഇസ്രായേലും ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുള്ളയും തമ്മിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിലാണ് ഈ നിർദ്ദേശം. ഫ്രാൻസ്, ഇറ്റലി, ഓസ്ട്രേലിയ, കാനഡ, യുഎസ്, യുകെ എന്നിവയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും ലെബനനിലെ തങ്ങളുടെ പൗരന്മാർക്ക് ഒഴിപ്പിക്കൽ ഉത്തരവുകൾ യാത്രാ ഉപദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.