
തിരുവനന്തപുരം: വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വെള്ളം കിനിയുന്നതും വിള്ളലുകൾ കണ്ടെത്തിയതും സംബന്ധിച്ച വിവാദങ്ങളിൽ വിശദീകരണവുമായി മന്ത്രി കെ. രാജൻ. ടൗൺഷിപ്പിലെ രണ്ട് വീടുകളിൽ വെള്ളം കിനിയുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും അത് കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനാണ് താൻ പരിശോധന നടത്തിയതെന്നും മന്ത്രി പറഞ്ഞു.
വിള്ളൽ മായിക്കാൻ ശ്രമിച്ചു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പരിഹാസങ്ങളെയും അധിക്ഷേപങ്ങളെയും മന്ത്രി തള്ളിക്കളഞ്ഞു.തനിക്കെതിരെ ഉയരുന്ന “കൂലിപ്പണിക്കാരൻ” എന്ന വിളിയെ അഭിമാനത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. അദ്ധ്വാനിക്കുന്നവരെ അധിക്ഷേപിക്കുന്ന ശൈലി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ടൗൺഷിപ്പിലെ മൂന്ന് വീടുകളിൽ വിള്ളലും ചോർച്ചയും കണ്ടെത്തിയത് വിവാദമായിരുന്നു. വിള്ളൽ അടയാളപ്പെടുത്തിയ വരകൾ മന്ത്രി മായിക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം.
ദുരന്തബാധിതനായ നൗഫലിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നൗഫലിന് സർക്കാർ എല്ലാ പിന്തുണയും നൽകും.മെയ് ആദ്യവാരത്തോടെ 178 കുടുംബങ്ങൾക്കും വീടുകളിൽ താമസിക്കാനാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇതിനായുള്ള മൂന്ന് ഘട്ട പരിശോധനകൾ ഏപ്രിൽ 30-നകം പൂർത്തിയാക്കും.വിള്ളൽ വിവാദം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനെ വാർത്താസമ്മേളനത്തിൽ മന്ത്രി പരിഹസിച്ചു. സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനാണ് ഇത്തരം വിവാദങ്ങൾ ഉയർത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.