
കാൺപൂർ : പതിനൊന്ന് വയസ്സുള്ള ഇരട്ടപ്പെൺമക്കളെ അച്ഛൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ 2:30ഓടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. 48 വയസ്സുകാരനായ ശശി രഞ്ജൻ മിശ്രയാണ് മക്കളായ റിദ്ധിയെയും സിദ്ധിയെയും ഫ്ലാറ്റിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയത്. മെഡിക്കൽ റെപ്രസന്റേറ്റീവായ ശശി രഞ്ജൻ മിശ്ര ബിഹാറിലാണ് ജോലി ചെയ്യുന്നത്.
ശനിയാഴ്ച രാത്രി അത്താഴം കഴിച്ച ശേഷം മക്കളെ ഇയാൾ തന്റെ മുറിയിലേക്ക് ഉറക്കാൻ കൊണ്ടുപോയി. പുലർച്ചെ രണ്ടരയോടെ മക്കളിൽ ഒരാളെ വാഷ്‌റൂമിലേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി. പിന്നാലെ രണ്ടാമത്തെ മകളെയും കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് രണ്ട് മണിക്കൂറിന് ശേഷം പ്രതി തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. ഭാര്യ രേഷ്മയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമായിരുന്നു ശശിക്ക്. മകനോടൊപ്പം ഭാര്യ പോകണമെന്നും പെൺമക്കളെ താൻ നോക്കിക്കൊള്ളാമെന്നും ഇയാൾ പലപ്പോഴും പറഞ്ഞിരുന്നതായി പോലീസ് അറിയിച്ചു. ശശി കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് രേഷ്മ മൊഴി നൽകി.
വീട്ടിൽ ഒന്നിലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഭാര്യയെ പെൺമക്കളുടെ മുറിയിൽ കയറാൻ പോലും അനുവദിച്ചിരുന്നില്ല. പശ്ചിമ ബംഗാൾ സ്വദേശിയായ രേഷ്മയും ശശിയും 2014-ലാണ് വിവാഹിതരായത്. ഇവർക്ക് ആറ് വയസ്സുള്ള ഒരു മകൻ കൂടിയുണ്ട്.