
കോട്ടയം : സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ 40ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയർന്നേക്കും.
മറ്റ് ജില്ലകളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില വർധിക്കാൻ സാധ്യതയുണ്ടെന്നും മലയോര മേഖലകളിലൊഴികെ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കഠിനമായ വേനൽചൂട് കേരളത്തിലെ ക്ഷീരകർഷകരുടെ നട്ടെല്ലൊടിക്കുകയാണ്.
തീറ്റച്ചെലവ് വർധിച്ചതും പാലുൽപാദനം പകുതിയായി കുറഞ്ഞതും കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. ചൂട് വർധിച്ചതോടെ പശുക്കൾക്ക് രോഗബാധ ഏറുകയും പാലുൽപാദനം 50 ശതമാനത്തോളം കുറയുകയും ചെയ്തു. കന്നുകാലികളെ തണുപ്പിക്കാനായി തുടർച്ചയായി കുളിപ്പിക്കേണ്ടി വരുന്നത് വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപഭോഗം കൂട്ടി.
മേല്‍ക്കൂരയില്‍ വെള്ളം ഒഴിച്ച് കൂട് തണുപ്പിക്കുന്നതടക്കമുള്ള പ്രതിരോധ മാർഗങ്ങള്‍ സ്വീകരിക്കുന്നുമുണ്ട്. ഒരു പശുവിന് പ്രതിദിനം 300 രൂപയായിരുന്ന ചെലവ് ഇപ്പോൾ 350 രൂപയായി ഉയർന്നു. വർധിച്ചുവരുന്ന ഈ പരിപാലന ചെലവ് കർഷകർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ക്ഷീരമേഖല കൂടുതല്‍ പ്രതിസന്ധിയിലാകും.