Banner Ads

ഐശ്വര്യത്തിലേക്കൊരു കാൽവെപ്പ്; ഇന്ന് അക്ഷയ തൃതീയ

കോട്ടയം : സമ്പദ്‌സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾ ആഘോഷിക്കുന്നു. ഹൈന്ദവ വിശ്വാസപ്രകാരം വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയയാണ് പുണ്യദിനമായ അക്ഷയ തൃതീയയായി അറിയപ്പെടുന്നത്.

ക്ഷയിക്കാത്തത് എന്നാണ് അക്ഷയം എന്ന വാക്കിന്റെ അർത്ഥം. ഈ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെയും പുണ്യങ്ങളുടെയും ഫലം ഒരിക്കലും നശിക്കില്ല എന്ന വിശ്വാസത്തിൽ നിന്നാണ് അക്ഷയ തൃതീയ എന്ന പേര് ലഭിച്ചത്. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ ഭൂമിയിൽ അവതരിച്ചത് ഈ ദിനത്തിലാണ്.

ഭഗീരഥന്റെ തപസ്സിൽ പ്രസന്നനായി ഗംഗാനദി സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് ഒഴുകിത്തുടങ്ങിയത് ഇന്നാണെന്ന് കരുതപ്പെടുന്നു. പാണ്ഡവരുടെ വനവാസക്കാലത്ത് കൃഷ്ണൻ പാഞ്ചാലിക്ക് ഒരിക്കലും വറ്റാത്ത അക്ഷയപാത്രം നൽകിയത് ഈ പുണ്യദിനത്തിലാണ്. വേദവ്യാസൻ മഹാഭാരതം രചിക്കാൻ ആരംഭിച്ചതും അക്ഷയ തൃതീയ നാളിലാണ്.

ദരിദ്രനായ കുചേലൻ തന്റെ ഉറ്റ സുഹൃത്തായ ശ്രീകൃഷ്ണനെ കാണാൻ പോയതും ഐശ്വര്യം സിദ്ധിച്ചതും ഈ ദിനത്തിലാണെന്ന് പറയപ്പെടുന്നു. ആദിശങ്കരാചാര്യർ കനകധാരാ സ്തോത്രം ചൊല്ലി സ്വർണ്ണനെല്ലിക്ക വർഷിച്ച് ഒരു ഭക്തയുടെ ദാരിദ്ര്യം മാറ്റിയതും ഇതേ ദിനത്തിലാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ ദിനമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.

ഈ ദിവസം ആരംഭിക്കുന്ന കാര്യങ്ങൾ ഒരിക്കലും പരാജയപ്പെടില്ലെന്നും അഭിവൃദ്ധി പ്രാപിക്കുമെന്നുമാണ് വിശ്വാസം. ഭാവിയുടെ ഐശ്വര്യത്തിനായി സ്വർണ്ണം വാങ്ങുന്നതിനും മറ്റ് നിക്ഷേപങ്ങൾ നടത്തുന്നതിനും ജനങ്ങൾ ഈ ദിവസം തിരഞ്ഞെടുക്കുന്നു. പാവപ്പെട്ടവർക്ക് അന്നദാനവും വസ്ത്രദാനവും നൽകുന്നത് ഇരട്ടി ഫലം നൽകുമെന്ന് ഭക്തർ വിശ്വസിക്കുന്നു.