
പാലക്കാട്: വോട്ടർക്ക് പണം നൽകിയെന്ന പരാതിയിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പാലക്കാട് ജില്ലാ കളക്ടർക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. കണ്ണാടിയിലെ ഒരു വീട്ടമ്മയ്ക്ക് ശോഭാ സുരേന്ദ്രൻ പണം നൽകുന്ന തരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്നാണ് നടപടി.സംഭവത്തിൽ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ശോഭാ സുരേന്ദ്രനെ കൂടാതെ, വീഡിയോ ചിത്രീകരിച്ച കെഎസ്യു നേതാവ്, പണം വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന വീട്ടമ്മ, സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകർ എന്നിവരെയും മൊഴി നൽകാനായി കളക്ടർ വിളിച്ചുവരുത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം കളക്ടറേറ്റിലെത്തിയ ശോഭാ സുരേന്ദ്രൻ മൊഴി നൽകി മടങ്ങിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോ എന്ന കാര്യത്തിൽ കളക്ടറുടെ റിപ്പോർട്ട് നിർണ്ണായകമാകും.