
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലോൺ ആപ്പിനെതിരെ പോലീസ് കേസെടുത്തു. ‘ഇൻസ്റ്റാ പേ’ എന്ന ഓൺലൈൻ ലോൺ ആപ്പിനെതിരെയാണ് ചക്കരക്കൽ പോലീസ് സ്വമേധയാ കേസെടുത്തത്.ലോൺ തിരിച്ചടയ്ക്കുന്നതിനായി നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയതായും വലിയ രീതിയിലുള്ള മാനസിക പീഡനത്തിന് ഇരയാക്കിയതായും പോലീസ് എഫ്.ഐ.ആറിൽ പറയുന്നു.
നിതിൻ രാജിന്റെ സ്വകാര്യ വിവരങ്ങളും ഫോട്ടോകളും ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത് വിദ്യാർത്ഥിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. സംഭവത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.