Banner Ads

നിതിൻ രാജിന്റെ മരണം: മാനേജ്‌മെന്റിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; കണ്ണൂരിൽ ബിജെപി മാർച്ചിൽ സംഘർഷം

കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ മാനേജ്‌മെന്റിനെയും അധ്യാപകരെയും മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മരിച്ച നിതിൻ രാജിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ കണ്ണൂർ പോലീസ് മേധാവി സംസാരിക്കുന്നത് മുഖ്യമന്ത്രിക്ക് മാനേജ്‌മെന്റിനോടുള്ള വിധേയത്വം മൂലമാണെന്ന് കെ രഞ്ജിത്ത് പറഞ്ഞു. പ്രതിഷേധത്തിനെത്തിയ വനിതാ പ്രവർത്തകരെ പുരുഷ പോലീസ് കൈയേറ്റം ചെയ്തത് ചോദ്യം ചെയ്ത ബിജെപി ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴിയെ പോലീസ് ലാത്തികൊണ്ട് മർദ്ദിച്ചു.

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പിൽ നിന്നും ആരംഭിച്ച മാർച്ച് കോളേജ് പരിസരത്ത് വെച്ച് പോലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകരും പോലീസും തമ്മിൽ വൻ വാക്കേറ്റമുണ്ടായി. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി അധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതി അംഗം ഒ നിധീഷ്, ജില്ലാ ജനറൽ സെക്രട്ടറി വി പി ഷാജി, ഇ പി ബിജു, യുവമോർച്ച നേതാക്കളായ ശ്രുതി പൊയിലൂർ, അർജുൻ വാസുദേവ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.