
മുംബൈ : ടിക്കറ്റില്ലാത്ത യാത്രക്കാരെ തടയാൻ റെയിൽവേ അവതരിപ്പിച്ച പുതിയ ആപ്പിലെ ലൂപ്പഹോളുകൾ റെയിൽവേയുടെ വരുമാനത്തെയും കൃത്യനിഷ്ഠയെയും ബാധിക്കുന്നു. ജിയോ-ഫെൻസിംഗ് സാങ്കേതികവിദ്യ പരാജയപ്പെട്ടതോടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലിരുന്നും ഇപ്പോൾ ടിക്കറ്റ് എടുക്കാൻ സാധിക്കുന്നുണ്ട്.
ടിക്കറ്റ് പരിശോധകർ വരുന്നത് കാണുമ്പോൾ മാത്രം ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കാർ പിഴയിൽ നിന്ന് രക്ഷപെടുന്നു. കല്യാണിലേക്കുള്ള എസി ലോക്കൽ ട്രെയിനുകളിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വ്യാപകമായി ശ്രദ്ധയിൽപ്പെട്ടത്. ടിക്കറ്റില്ലാത്തവർ യഥേഷ്ടം കയറുന്നതോടെ എസി ലോക്കൽ ട്രെയിനുകളിൽ അമിത തിരക്ക് അനുഭവപ്പെടുന്നു.
ഇത് റെയിൽവേയുടെ വരുമാനത്തെയും സുരക്ഷയെയും ബാധിക്കുന്നുണ്ട്. അമിത തിരക്ക് കാരണം എസി ലോക്കൽ ട്രെയിനുകൾ പ്രതിദിനം 10 മുതൽ 15 മിനിറ്റ് വരെ വൈകിയാണ് ഓടുന്നത്. സിഗ്നൽ തകരാറുകൾക്കും അറ്റകുറ്റപ്പണികൾക്കും പുറമെ ഈ തിരക്ക് കൂടി വില്ലനാകുന്നത് യാത്രക്കാരെ വലയ്ക്കുന്നു.
സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് വികസിപ്പിച്ച ഈ ആപ്പിലെ പിഴവ് പരിഹരിക്കാൻ സമയമെടുത്തേക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സെൻട്രൽ റെയിൽവേയിലെ മെയിൻ ലൈൻ, ഹാർബർ ലൈൻ എന്നിവിടങ്ങളിലാണ് പ്രശ്നം രൂക്ഷമായിരിക്കുന്നത്.