Banner Ads

ഡിജിറ്റൽ ടോൾ പിരിവ്: പന്നിയങ്കര മാറി, പാലിയേക്കര മാറില്ല; യാത്രക്കാരെ പഴിചാരി ടോൾ അധികൃതർ

തൃശൂർ : രാജ്യത്തെ ടോൾ പ്ലാസകളിൽ ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ദേശീയപാത അതോറിറ്റിയുടെ ഉത്തരവ് പാലിയേക്കരയിൽ നടപ്പായില്ല. ഏപ്രിൽ 10 മുതൽ ടോൾ പിരിവ് പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറണമെന്നായിരുന്നു നിർദ്ദേശം.

പന്നിയങ്കര ഉൾപ്പെടെയുള്ള മറ്റ് ടോൾ പ്ലാസകൾ യുപിഐ സംവിധാനത്തിലേക്ക് മാറിയിട്ടും പാലിയേക്കരയിൽ ഇപ്പോഴും പഴയ രീതി തുടരുകയാണ്. ഭൂരിഭാഗം യാത്രക്കാരും ഇപ്പോഴും ഓൺലൈൻ പെയ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നില്ല എന്നതാണ് ടോൾ ടോള്‍ പ്ലാസ അധികൃതര്‍ പറയുന്ന ന്യായം.

യുപിഐ ഇല്ലാത്ത സാഹചര്യത്തിൽ ഇ-ചലാൻ വഴി തുക ഈടാക്കണമെന്ന് എൻഎച്ച്എഐ നിർദ്ദേശിച്ചിരുന്നെങ്കിലും ഇത് പ്രായോഗികമല്ലെന്നാണ് പാലിയേക്കര ടോൾ പ്ലാസ അധികൃതരുടെ നിലപാട്. ദേശീയപാത അതോറിറ്റിയുടെ ഉത്തരവ് പ്രകാരം വെള്ളിയാഴ്ച മുതൽ ടോൾ അടയ്ക്കാൻ ഫാസ്ടാഗ് അല്ലെങ്കിൽ യുപിഐ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

എല്ലാ വാഹനങ്ങളിലും പ്രവർത്തനക്ഷമമായ ഫാസ്ടാഗ് നിർബന്ധമാണ്. ഫാസ്ടാഗ് ഇല്ലാത്തവർക്ക് യുപിഐ വഴി പണമടയ്ക്കാം. എന്നാൽ ഇവർ സാധാരണ ടോൾ തുകയേക്കാൾ 25 ശതമാനം അധികം നൽകേണ്ടി വരും.