
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ കടുക്കുന്നു. പാലക്കാട് ജില്ലയിൽ താപനില 40°C വരെയും കൊല്ലത്ത് 39°C വരെയുമെത്താൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മറ്റ് ജില്ലകളിലും സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുണ്ട്. പാലക്കാട് ജില്ലയിൽ ഇന്ന് മുതൽ 13-ാം തീയതി വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക.
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, എന്നിവർ ജോലി സമയം ക്രമീകരിക്കുക. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ഒആർഎസ്, സംഭാരം, നാരങ്ങാവെള്ളം എന്നിവ ശീലമാക്കുക. ചായ, കാപ്പി, മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കണം. ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കാനും പാദരക്ഷകൾ ധരിക്കാനും മറക്കരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധജലവും വായുസഞ്ചാരവും ഉറപ്പാക്കണം. കുട്ടികളെ വെയിലത്ത് അസംബ്ലികൾക്കോ വിനോദയാത്രകൾക്കോ കൊണ്ടുപോകരുത്. കിടപ്പുരോഗികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർ ഉച്ചസമയത്ത് പുറത്തിറങ്ങരുത്.
മൃഗങ്ങളെ ഉച്ചവെയിലിൽ കെട്ടിയിടരുത്. അവയ്ക്ക് കുടിവെള്ളവും തണലും ഉറപ്പാക്കണം. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ തനിച്ചാക്കി പോകരുത്. വേനൽ മഴ ലഭിക്കുന്നത് വരെ ജലം കരുതലോടെ ഉപയോഗിക്കാനും നിർജലീകരണം ഒഴിവാക്കാൻ എപ്പോഴും കൈവശം ഒരു കുപ്പി വെള്ളം കരുതാനും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.