Banner Ads

കെഎസ്ആർടിസിയുടെ അനാസ്ഥ; വോട്ട് ചെയ്ത് മടങ്ങിയ വയോധികയുടെ കാൽ മുറിച്ചുമാറ്റി, ജീവനക്കാർക്കെതിരെ കുടുംബം.

കൽപറ്റ: വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്ന വയോധികയുടെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി. വയനാട് വൈത്തിരി സ്വദേശിനി ജാനുവിനാണ് (65) ഈ ദാരുണമായ അപകടം സംഭവിച്ചത്. അപകടത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജാനുവിന്റെ ഇടതുകാൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ചിപ്പിലിത്തോട് ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. വൈത്തിരിയിൽ വോട്ട് ചെയ്ത ശേഷം മകളുടെ വീട്ടിലേക്ക് മടങ്ങാൻ ഇരിട്ടി-നിലമ്പൂർ റൂട്ടിലോടുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലാണ് ജാനു കയറിയത്. ബസ് സ്റ്റോപ്പിൽ നിർത്താതെ, ഡ്രൈനേജിനോട് ചേർന്ന അശാസ്ത്രീയമായ സ്ഥലത്താണ് ബസ് നിർത്തിയതെന്ന് യാത്രക്കാർ ആരോപിക്കുന്നു.

ജാനു മുൻവാതിലിലൂടെ ഇറങ്ങുന്നതിന് മുൻപേ ഡ്രൈവർ ബസ് മുന്നോട്ടെടുത്തതോടെ ഇവർ നിലത്തു വീഴുകയും ബസിന്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങുകയുമായിരുന്നു.