
തിരുവനന്തപുരം:മുൻവൈരാഗ്യത്തിന്റെ പേരിൽ സുഹൃത്തിനെ ക്രൂരമായി മർദ്ദിക്കുകയും കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവിനെ നേമം പോലീസ് അറസ്റ്റ് ചെയ്തു. നേമം ചുമട്ടുതാങ്ങിവിള സ്വദേശി രഞ്ജിത്ത് (29) ആണ് പിടിയിലായത്.ദിവസങ്ങൾക്ക് മുൻപ് റോഡിൽ വെച്ച് രഞ്ജിത്ത് മറ്റൊരാളുമായി തർക്കത്തിലേർപ്പെട്ടിരുന്നു.
ഈ സമയത്ത് സുഹൃത്ത് തന്റെ പക്ഷം ചേർന്ന് സംസാരിച്ചില്ല എന്ന വിരോധമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.ചൊവ്വാഴ്ച രാത്രി 10.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഞ്ജിത്തും സുഹൃത്തും ഒരുമിച്ച് പിക്കപ്പ് വാനിൽ സഞ്ചരിക്കവേ പഴയ കാര്യങ്ങൾ പറഞ്ഞ് തർക്കം ആരംഭിച്ചു.
പ്രകോപിതനായ രഞ്ജിത്ത് സുഹൃത്തിനെ അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തുടർന്ന് കൈവശമിരുന്ന കത്തി ഉപയോഗിച്ച് സുഹൃത്തിന്റെ ചെവിക്ക് മുകളിലായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.പരിക്കേറ്റ സുഹൃത്തിന്റെ പരാതിയിൽ കേസെടുത്ത നേമം പോലീസ് ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു.