
ആലപ്പുഴ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ കനത്ത തിരക്കുകൾക്കിടയിലും പോലീസിന്റെ ജാഗ്രതയിൽ വൻ ലഹരിവേട്ട. ചന്തിരൂരിൽ നിന്ന് 1.20 കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി ഹർഥൻ മാതോ (26) ആണ് അറസ്റ്റിലായത്. ചന്തിരൂരിലെ ഒരു ആക്രിക്കടയ്ക്ക് സമീപം കഞ്ചാവുമായി യുവാവ് നിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ഏഴ് മാസമായി ചന്തിരൂരിലെ ഒരു ചെമ്മീൻ സംസ്കരണ ശാലയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഹർഥൻ മാതോ. ജാർഖണ്ഡിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി വിൽക്കുകയായിരുന്നു ഇയാളുടെ രീതി. സമീപപ്രദേശങ്ങളിലെ മറ്റ് ചെമ്മീൻ സംസ്കരണ ശാലകളിലെ അതിഥി തൊഴിലാളികൾക്കും പ്രദേശവാസികൾക്കും ഇയാൾ സ്ഥിരമായി ലഹരിമരുന്ന് എത്തിച്ചിരുന്നതായി പോലീസ് കണ്ടെത്തി.പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡുകൾക്കും അറസ്റ്റുകൾക്കും സാധ്യതയുണ്ടെന്ന് ഇൻസ്പെക്ടർ വിപിൻദാസ് അറിയിച്ചു.സബ് ഇൻസ്പെക്ടർ ഗീതു മോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. പോലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത് പി.ആർ, രതീഷ് എം, ടെൽസൻ, അമൽ പ്രകാശ്, ശ്യാംജിത്ത്, അനൂപ്, ലിജു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി പോലീസ് സേനയുടെ ഭൂരിഭാഗവും ഡ്യൂട്ടിയിലായിരുന്ന സമയത്തും നടത്തിയ ഈ മിന്നൽ പരിശോധന ലഹരി മാഫിയകൾക്ക് വലിയ തിരിച്ചടിയായി.