
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടായെന്ന് മന്ത്രി വി ശിവൻകുട്ടി. മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിക്ക് ഗുണകരമാക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും ശിവൻകുട്ടി പറഞ്ഞു.
തങ്ങൾ പരാജയപ്പെട്ടാലും വേണ്ടില്ല ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ബിജെപി ജയിക്കണമെന്ന അജണ്ടയാണ് കോൺഗ്രസിനുണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് ദിവസം ഉച്ചയ്ക്ക് ശേഷം പല പോളിംഗ് സ്റ്റേഷനുകളിലും കോൺഗ്രസ് പ്രവർത്തകർ ഉണ്ടായിരുന്നില്ല. ഇത് വോട്ട് മറിച്ചതിന്റെ ലക്ഷണമാണെന്ന് ശിവൻകുട്ടി പറഞ്ഞു. പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ വിലയ്‌ക്കെടുക്കുന്ന പാർട്ടിയായി ബിജെപി മാറി.
നേമത്ത് ബിജെപി പണവും മദ്യവും മയക്കുമരുന്നും ഒഴുക്കിയാണ് വോട്ട് പിടിക്കാൻ ശ്രമിച്ചത്. പോളിംഗ് ശതമാനത്തിലുണ്ടായ വർദ്ധനവ് അനുകൂലമാകും. നേമത്തെ കഴിഞ്ഞ 15 വർഷത്തെ തന്റെ പ്രവർത്തനങ്ങളും വികസന തുടർച്ചയും ജനങ്ങൾ പരിഗണിച്ചിട്ടുണ്ടെന്നും ശക്തമായ ആത്മവിശ്വാസമുണ്ടെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.