Banner Ads

ദുരന്തമായി മാറിയ വിനോദയാത്ര; മലയിടുക്കിൽ വീണ പതിനഞ്ചുകാരിയുടെ മൃതദേഹം കണ്ടെടുത്തു

ചിക്മഗളൂരിൽ വിനോദ സഞ്ചാരത്തിനിടെ കാണാതായ പാലക്കാട് സ്വദേശി പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത്.പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. വൈകീട്ട് 5.20 വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു.

പിന്നീട് പെട്ടെന്ന് കാണാതായി. നാൽപത് പേരുള്ള ഒരു സംഘത്തിൽ നിന്നാണ് കുട്ടിയെ കാണാതായത്. പാലക്കാട് നിന്നുള്ള സംഘം സന്ദർശിക്കുമ്പോൾ മറ്റു 10 പേർ കൂടി സ്ഥലത്ത് ഉണ്ടായിരുന്നു. ഇവരെ സിസിടിവി ദൃശ്യങ്ങൾ വഴി തിരിച്ചറിയാൻ ശ്രമിക്കുകയാണ്. മകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടോയെന്ന് സംശയമുള്ളതായി മാതാപിതാക്കൾ ചിക്കമഗളൂരു നോർത്ത് പൊലീസിനൊ മൊഴി നൽകിയിട്ടുണ്ട്.

മകൾക്ക് ലഹരി നൽകി ആരെങ്കിലും കടത്തിക്കൊണ്ടുപോയതാകാമെന്ന് മാതാപിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത്.ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു.

കൂടെയുണ്ടായിരുന്നവർ ഇറങ്ങി തിരച്ചിൽ നടത്തിയിരുന്നു. അപ്പോൾ കാണാത്ത മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമില്ലെന്ന് പറയുന്നുണ്ടെന്നും ബന്ധു പറഞ്ഞു.കുട്ടിയെ കാണാതായത്തിനു സമീപത്തെ വെള്ളച്ചാട്ടത്തിലും കുന്നിലും വ്യാപകമായ തെരച്ചിലാണ് രണ്ട് ദിവസം നടന്നത്. ഇന്നലെ രാവിലെ മുതൽ രാത്രി വൈകി വരെ കൊക്കകളിൽ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കുറിച്ചുള്ള വിവരം ഒന്നും ലഭിച്ചിരുന്നില്ല.

തെൽമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും ഫലം ഉണ്ടായില്ല. വെള്ളച്ചാട്ടത്തിൽ വീണെന്ന് സംശയമുയർന്നെങ്കിലും തെരച്ചിലിന് ശേഷം പൊലീസ് സാധ്യത തള്ളുകയായിരുന്നു. ഒടുവിൽ പ്രതീക്ഷകൾ എല്ലാം വിഫലമാക്കി കൊണ്ട് ഉച്ചയ്ക്ക് 12 മണിയോടെ ശ്രീനന്ദയുടെ മ‍ൃതദേഹം കണ്ടെത്തി എന്ന സങ്കടകരമായ വാർത്ത എത്തിയത്.