
കൊച്ചി : ലൈംഗികാതിക്രമക്കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് കോടതി ജാമ്യം അനുവദിച്ചു. കർശനമായ ഉപാധികളോടെയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. രഞ്ജിത്തിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു.
കേസിലെ പ്രധാന സാക്ഷികളെല്ലാം സിനിമയിൽ നിന്നുള്ളവരാണെന്നും ജാമ്യം ലഭിച്ചാൽ പ്രതി തന്റെ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനോ കേസ് അട്ടിമറിക്കാനോ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്ന് രഞ്ജിത് കോടതിയെ അറിയിച്ചു. കുറ്റം സമ്മതിച്ചില്ല എന്നത് അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്നതിന് തെളിവല്ല. ആരോഗ്യസ്ഥിതിയും ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ കഴിക്കേണ്ടതിന്റെ ആവശ്യകതയും രഞ്ജിത്ത് കോടതിയെ അറിയിച്ചു.
സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയിൽ പ്രവേശിക്കില്ലെന്നും ഉറപ്പുനൽകി. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നതടക്കമുള്ള കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.