
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യുഡിഎഫിനുമെതിരെ കടുത്ത വിമർശനങ്ങളുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പത്തനാപുരത്ത് താൻ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വോട്ട് ചെയ്ത കാര്യം വോട്ടർമാർ നേരിട്ട് വന്നു പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ സുരക്ഷിതമായ രീതിയിൽ വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വി.ഡി. സതീശന്റെ വാഗ്ദാനം ഗണേഷ് കുമാർ തള്ളി. “കേന്ദ്ര നിയമത്തെയും കോടതി ഉത്തരവിനെയും മറികടക്കാൻ സംസ്ഥാനത്തിന് കഴിയില്ല. സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ല,” അദ്ദേഹം പരിഹസിച്ചു.വി.ഡി. സതീശനെ ‘തള്ളിന്റെ ആശാൻ’ എന്ന് വിളിച്ച മന്ത്രി, കഴിഞ്ഞ അഞ്ചുവർഷം പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യങ്ങളൊന്നും സത്യമായിട്ടില്ലെന്ന് കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികൾ നടപ്പിലാക്കാൻ കഴിയാത്തവയാണെന്നും യുഡിഎഫ് വാഗ്ദാനങ്ങൾ കേരളത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.വയനാട്ടിൽ വീട് വെച്ച് കൊടുക്കാൻ പോലും കഴിയാത്ത കോൺഗ്രസാണോ കേരളം ഭരിക്കാൻ പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നതിന് ഉദാഹരണമാണ് വയനാട് പുനരധിവാസത്തിലെ കോൺഗ്രസിന്റെ പരാജയമെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തവണ കടുത്ത മത്സരം ഉണ്ടായതായി കരുതുന്നില്ല. സർക്കാരിനെതിരായ വികാരം ഒരിടത്തും ദൃശ്യമല്ല. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. വോട്ടിംഗ് ശതമാനത്തിൽ വൻ വർധനവില്ലെങ്കിലും ആറ് ശതമാനമെങ്കിലും കൂടിയാലേ അത് അസാധാരണമാണെന്ന് പറയാനാകൂ. ന്യൂനപക്ഷ പിന്തുണ ഇത്തവണ എൽഡിഎഫിന് ഉറപ്പാണെന്നും ഗണേഷ് കുമാർ പറഞ്ഞു.