Banner Ads

സൈബർ പിഴവോ രാഷ്ട്രീയ നീക്കമോ? ചിറ്റൂർ ബിജെപി സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു.

തിരുവനന്തപുരം : ചിറ്റൂർ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്കായി വോട്ടഭ്യർത്ഥന പ്രത്യക്ഷപ്പെട്ടത് വിവാദമായി. എൽഡിഎഫ് സ്ഥാനാർത്ഥി വി. മുരുകദാസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റാണ് പ്രണേഷിന്റെ പേജിൽ വന്നത്.

സംഭവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായതോടെ മിനിറ്റുകൾക്കുള്ളിൽ പോസ്റ്റ് നീക്കം ചെയ്തു. എന്നാൽ അതിനോടകം തന്നെ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞിരുന്നു.

തന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും പ്രണേഷ് രാജേന്ദ്രൻ പ്രതികരിച്ചു. സംഭവത്തിൽ പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ബിജെപി നേതൃത്വം ആരോപിച്ചു.