
തിരുവനന്തപുരം : കേരളം വിധിയെഴുതുന്ന പോളിംഗ് ദിനത്തിൽ വൻ ജനപങ്കാളിത്തം. 140 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് എത്തുമ്പോൾ മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തുന്നത്. മൂന്ന് മണി വരെയുള്ള കണക്കുകൾ പ്രകാരം 62.71 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു.
സംസ്ഥാനത്തെ ഉയർന്ന വോട്ടിംഗ് ശതമാനം എൽഡിഎഫിന് അനുകൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. ഇടത് വോട്ടുകൾ ഭൂരിഭാഗവും ഉച്ചയ്ക്ക് മുമ്പ് തന്നെ രേഖപ്പെടുത്തിക്കഴിഞ്ഞു. പയ്യന്നൂരിലെ കള്ളവോട്ട് ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. യുഡിഎഫ് കാലകാലങ്ങളായി ഉന്നയിക്കുന്ന ആരോപണം ഇപ്പോൾ വി കുഞ്ഞികൃഷ്ണൻ ഏറ്റെടുത്തിരിക്കുകയാണെന്നും ഗോവിന്ദൻ പരിഹസിച്ചു.
രാവിലെ മുതൽ തന്നെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ബൂത്തുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ചലച്ചിത്ര താരം മോഹൻലാലും പോളിംഗിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
സംസ്ഥാനത്തെ 30495 ബൂത്തുകളിലായി 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ചൂടേറിയ 23 ദിവസത്തെ പ്രചാരണത്തിനൊടുവിൽ കേരളം ആർക്കൊപ്പം നിൽക്കുമെന്നതിന്റെ സൂചനകൾ ഇന്നത്തെ പോളിംഗ് ശതമാനം വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.