
കണ്ണൂർ : കൈയിൽ വോട്ടർ സ്ലിപ്പും മുഖത്ത് പ്രസന്നമായ പുഞ്ചിരിയുമായി തൊണ്ണൂറാം വയസ്സിലും വോട്ട് രേഖപ്പെടുത്താൻ നാരായണി അമ്മയെത്തി. അഴീക്കോട് നിയോജകമണ്ഡലത്തിലെ രാമതെരു വോയ്‌സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പോളിംഗ് ബൂത്തിലാണ് രാമതെരു സ്വദേശിനിയായ പി. നാരായണി തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ബന്ധുക്കളുടെ സഹായത്തോടെ ബൂത്തിലെത്തിയ അവർക്ക് വോട്ടിംഗിനോടുള്ള ആവേശം ഒട്ടും കുറവായിരുന്നില്ല. വോട്ട് ചെയ്യുക എന്നത് തന്റെ കടമയാണെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. “ശാരീരികമായ അവശതകൾ ഉണ്ടെങ്കിലും ഇതുവരെ ഒരു വോട്ടും ഞാൻ മുടക്കിയിട്ടില്ല,” കുസൃതി ചിരിയോടെ നാരായണി അമ്മ പറഞ്ഞു.
പ്രായാധിക്യത്തിന്റെ തളർച്ചയെ വകവെക്കാതെ ബൂത്തിലെത്തിയ നാരായണി അമ്മ, വോട്ട് രേഖപ്പെടുത്താൻ മടിക്കുന്ന പുതുതലമുറയ്ക്ക് വലിയൊരു മാതൃകയാവുകയാണ്.