Banner Ads

ആനവണ്ടിയുടെ ക്രൂരത; ദമ്പതികളെ പെരുവഴിയിലാക്കി കെഎസ്ആർടിസി ജീവനക്കാർ

കൊച്ചി : കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്ന് വീണ്ടും ഗുരുതര വീഴ്ച. തിരുവനന്തപുരത്തുനിന്ന് മടങ്ങി വരികയായിരുന്ന മുത്തോലപുരം സ്വദേശികളായ ദമ്പതികളെ പുലർച്ചെ 12.45ഓടെ കൂത്താട്ടുകുളം ഡിപ്പോയിൽ എത്തിക്കാതെ എംസി റോഡിലെ ബൈപാസിൽ ഇറക്കിവിട്ടു.

കാട്ടാക്കട ഡിപ്പോയിലെ എടികെ 104 നമ്പർ ബസിലാണ് സംഭവം. നടപ്പുറം ബൈപാസിന് സമീപമാണ് ജീവനക്കാർ നിർബന്ധപൂർവ്വം ഇറക്കിവിട്ടത്. ഡിപ്പോ പരിസരത്ത് ഇരുചക്ര വാഹനം പാർക്ക് ചെയ്തിരുന്ന ദമ്പതികൾക്ക് അവിടെയെത്താൻ അരക്കിലോമീറ്ററോളം നടക്കേണ്ടി വന്നു.

റോഡരികിൽ ഭാര്യയെ തനിച്ചാക്കി ഭർത്താവ് നടന്ന് ഡിപ്പോയിലെത്തി വാഹനം എടുത്തുകൊണ്ടുവന്നാണ് വീട്ടിലേക്ക് മടങ്ങിയത്. ഡിപ്പോയിൽ എത്താൻ വൈകിയതിനാലാണ് ബസ് ഉള്ളിലേക്ക് കയറ്റാതിരുന്നതെന്നാണ് കണ്ടക്ടറുടെ മറുപടി. മിന്നൽ സർവീസുകൾ ഒഴികെയുള്ള എല്ലാ ബസുകളും രാത്രികാലങ്ങളിൽ കൂത്താട്ടുകുളം ഡിപ്പോയിൽ കയറണമെന്ന കർശന നിർദ്ദേശം നിലവിലുണ്ട്.

കൂത്താട്ടുകുളം ഭാഗത്ത് കെഎസ്ആർടിസി ബസുകൾ ഡിപ്പോയിൽ കയറാതെ യാത്രക്കാരെ പെരുവഴിയിലാക്കുന്നത് പതിവാകുകയാണെന്നും ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.