
കോട്ടയം: തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണത്തിനായി വീടുകളിലെത്തിയ ബി.എൽ.ഒയ്ക്ക് നേരെ വളർത്തുനായയുടെ ആക്രമണം. പാമ്പാടി പന്ത്രണ്ടാം മൈലിന് സമീപം സ്ലിപ്പ് നൽകാനെത്തിയ ജോയി വർഗീസിനാണ് പരിക്കേറ്റത്. രണ്ട് തവണ കടിയേറ്റ ജോയി, ഒപ്പമുണ്ടായിരുന്ന ഭാര്യയെയും കൂട്ടി കഷ്ടിച്ചാണ് ജീവൻ രക്ഷിച്ചത്.വീട്ടിൽ അപകടകാരിയായ പട്ടിയുണ്ടെന്ന് മുൻകൂട്ടി അറിഞ്ഞതിനാൽ ജോയി മതിലിന് പുറത്തുനിന്ന് ഉടമയെ വിളിച്ചിരുന്നു. ഉടമയുടെ വിളികേട്ട് എത്തിയത് വീട്ടുകാരല്ല, മറിച്ച് പട്ടിയായിരുന്നു.
ഇത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്ന് അകത്തുകയറിയ ജോയിയും ഭാര്യയും പട്ടിയെ കണ്ട് പകച്ചുപോയി.”ഓടരുത്, അനങ്ങാതെ നിൽക്കണം” എന്ന വീട്ടുടമയുടെ നിർദ്ദേശം അനുസരിച്ച് ഇരുവരും നിശ്ചലമായി നിന്നു. ഉടമ ഓടിയെത്തി പട്ടിയെ ചങ്ങലയിൽ ബന്ധിച്ചെങ്കിലും, തൊട്ടടുത്ത് നിന്ന ജോയിയെ പട്ടി രണ്ട് തവണ ആഞ്ഞുകടിക്കുകയായിരുന്നു.ആക്രമണം കഠിനമായതോടെ ജോയി ഭാര്യയെയും കൈപിടിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. തന്നെ പട്ടി കടിക്കുമ്പോഴും കൂടെയുണ്ടായിരുന്ന ഭാര്യയെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് ജോയി.
സ്ഥലം മാറി വന്നതിനാൽ വഴികൾ പരിചയപ്പെടാനാണ് അദ്ദേഹം ഭാര്യയെയും ഒപ്പം കൂട്ടിയത്.പരിക്കേറ്റ ജോയിയെ ഉടൻ തന്നെ പാമ്പാടി ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. ബി.എൽ.ഒയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഈ ഭാഗത്തെ സ്ലിപ്പ് വിതരണം താൽക്കാലികമായി തടസ്സപ്പെട്ടു.