
മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും ബിജെപി സ്ഥാനാർത്ഥിയെയും ഉൾപ്പെടുത്തി നിർമ്മിച്ച വിവാദ എഐ വീഡിയോയ്ക്കെതിരെ കർശന നടപടിയുമായി പൊലീസ്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിച്ച വീഡിയോയ്ക്കെതിരെ യുഡിഎഫ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.രമേശ് ചെന്നിത്തലയുടെയും എതിർ സ്ഥാനാർത്ഥിയുടെയും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതവികാരത്തെ ദുരുപയോഗം ചെയ്യുന്ന പ്രസ്താവനകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ബിജെപി കേന്ദ്രങ്ങൾ ഇത് വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് പരാതിയിൽ ആരോപിക്കുന്നു.ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി. കളത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനും മലിനപ്പെടുത്താനും ശ്രമിച്ച എതിർ സ്ഥാനാർത്ഥിക്കെതിരെ നോട്ടീസ് അയക്കണമെന്നും സോഷ്യൽ മീഡിയയിൽ നിന്ന് വീഡിയോ ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നതും വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും ഗൗരവകരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമായാണ് കമ്മീഷൻ കാണുന്നത്. സൈബർ പൊലീസിന്റെ അന്വേഷണം ഇതോടെ ഊർജ്ജിതമായിരിക്കുകയാണ്.