Banner Ads

ആ സ്ത്രീയെ അറിയില്ലെന്ന് ശോഭ, ഒപ്പമുള്ള ചിത്രം പുറത്തുവിട്ട് കോൺഗ്രസ്; പണമിടപാട് വിവാദത്തിൽ ബിജെപി പ്രതിരോധത്തിൽ

പാലക്കാട് : കണ്ണാടി പഞ്ചായത്തിൽ വയോധികയ്ക്ക് പണം നൽകിയ സംഭവത്തിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഉന്നയിച്ച വാദങ്ങൾ കള്ളമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്. പണം കൈമാറിയ സ്ത്രീയെ തനിക്ക് അറിയില്ലെന്നും അവർ തന്റെ കാറിൽ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു ശോഭയുടെ മുൻപത്തെ വിശദീകരണം.

എന്നാൽ ഈ സ്ത്രീ ശോഭയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ശോഭാ സുരേന്ദ്രനൊപ്പം ഈ യുവതി നിൽക്കുന്ന ഫോട്ടോ കോൺഗ്രസ് പുറത്തുവിട്ടു. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പാലക്കാട് എത്തിയപ്പോൾ എടുത്ത ചിത്രമാണിതെന്ന് വ്യക്തമായിട്ടുണ്ട്. ഇതേ യുവതി ശോഭയുടെ കാറിൽ തന്നെ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.

ക്യാൻസർ രോഗിയെ കാണാനാണ് താൻ പോയതെന്നും തന്നെ വേട്ടയാടാൻ കോൺഗ്രസ് ഒരുക്കിയ തിരക്കഥയാണിതെന്നുമായിരുന്നു ശോഭയുടെ പ്രതികരണം. പണം നൽകിയ സ്ത്രീ തന്റെ കാറിൽ കയറിയിട്ടില്ലെന്നും തനിക്ക് അവരെ അറിയില്ലെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.