Banner Ads

കാട്ടാക്കട പൂഴനാട് നവജാത ശിശുവിന്റെ മരണം കൊലപാതകം; സ്ഥിരീകരിച്ച് പോലീസ്.

കാട്ടാക്കട: പൂഴനാട് പ്ലാവിളവീട്ടിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ഷംനയ്‌ക്കെതിരെ (21) കൊലക്കുറ്റം ചുമത്തി. പ്ലാവിളവീട്ടിൽ അൽത്താഫിന്റെ ഭാര്യയാണ് ഷംന. ഞായറാഴ്ചയായിരുന്നു നടുക്കുന്ന ഈ സംഭവം പുറത്തറിഞ്ഞത്.ഒന്നര വയസ്സുള്ള മൂത്ത കുട്ടിയുണ്ടായിരിക്കെ, രണ്ടാമതൊരു കുഞ്ഞിനെ കൂടി വളർത്താനുള്ള പ്രയാസം കാരണമാണ് കൃത്യം ചെയ്തതെന്നാണ് ഷംന പോലീസിന് നൽകിയ മൊഴി.

താൻ ഗർഭിണിയാണെന്ന വിവരം ഭർത്താവിൽ നിന്നോ മറ്റ് ബന്ധുക്കളിൽ നിന്നോ ഇവർ മറച്ചുവെച്ചിരിക്കുകയായിരുന്നു.ഞായറാഴ്ച ഭർത്താവ് അൽത്താഫ് പുറത്തുപോയിരുന്ന സമയത്താണ് ഷംന വീട്ടിൽ പ്രസവിച്ചത്. അൽത്താഫ് തിരിച്ചെത്തിയപ്പോൾ വയറുവേദനയാണെന്ന് പറഞ്ഞ് ഷംന കിടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോകാനായി അൽത്താഫ് ഓട്ടോറിക്ഷയുമായി എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ ഷംനയെയും കുഞ്ഞിനെയും കണ്ടത്.

തുടർന്ന് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകൾ കണ്ടതിനെത്തുടർന്ന് സംശയം തോന്നിയ അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഷംന കുറ്റം സമ്മതിച്ചു.കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ നടപടികൾ സ്വീകരിച്ചു വരികയാണ്. നിലവിൽ ചികിത്സയിലുള്ള ഷംനയുടെ ആരോഗ്യനില മെച്ചപ്പെട്ടാലുടൻ അറസ്റ്റ് രേഖപ്പെടുത്തും.