Banner Ads

വോട്ടുതടയാൻ ഭീഷണി, ഡ്രൈവർക്ക് വധഭീഷണി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ജി സുധാകരൻ

ആലപ്പുഴ : അമ്പലപ്പുഴ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ ആസൂത്രണം നടക്കുന്നു എന്ന ആരോപണവുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരൻ. സിപിഎമ്മും എസ്ഡിപിഐയും തന്നെ ലക്ഷ്യം വെക്കുന്നുവെന്നും വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയിൽ പറയുന്നു.

സിപിഎം ഏരിയാ കമ്മിറ്റി അംഗം പ്രശാന്ത് എസ് കുട്ടി, അരുൺ, എസ്ഡിപിഐ ജില്ലാ സെക്രട്ടറി റിയാസ് കെ പൊന്നാട് എന്നിവർക്കെതിരെയാണ് സുധാകരൻ പരാതി നൽകിയിരിക്കുന്നത്. തനിക്ക് വോട്ട് ചെയ്യാനെത്തുന്നവരെ തടയുമെന്ന് നേതാക്കൾ പരസ്യമായി ഭീഷണിപ്പെടുത്തുന്നു. കൂടാതെ തന്റെ ഡ്രൈവർ പ്രദീപിന് വധഭീഷണിയുണ്ടെന്നും സുധാകരൻ പറഞ്ഞു.

ജി സുധാകരന്റെ പരാതി ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും ആലപ്പുഴ എസ്പി മോഹനചന്ദ്രൻ അറിയിച്ചു. അമ്പലപ്പുഴയിൽ തീവ്രവാദ സാന്നിധ്യം ഉള്ളതായി ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടുകളോ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുകളോ നിലവിലില്ലെന്ന് പോലീസ് വ്യക്തമാക്കി. ചീഫ് ഇലക്ഷൻ കമ്മീഷണർക്കും അമ്പലപ്പുഴ ഡിവൈഎസ്പിക്കുമാണ് സുധാകരൻ പരാതി നൽകിയത്.