
കണ്ണൂർ : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരിഹാസങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ജനവിധി 2026 മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കവെയാണ് രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്.
കേരളത്തിലെ വികസന നേട്ടങ്ങളെ ചൊല്ലി ഇരു മുഖ്യമന്ത്രിമാരും തമ്മിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തർക്കം നിലനിന്നിരുന്നു. പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മറുപടിയായി രേവന്ത് റെഡ്ഡി തിങ്കളാഴ്ച കത്തയച്ചു. നരസിംഹം സിനിമയിലെ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധം നീ പോ മോനെ വിജയാ എന്ന് കുറിച്ചുകൊണ്ടാണ് റെഡ്ഡി കത്ത് അവസാനിപ്പിച്ചത്.
ഈ പരാമർശത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഡാഷ് മോനെ രേവന്താ, നിനക്കുള്ള മറുപടി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വരുന്നുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അയൽ സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിയോട് കാണിക്കേണ്ട കുറഞ്ഞ മര്യാദ പോലും രേവന്ത് റെഡ്ഡി കാണിച്ചില്ലെന്ന് പിണറായി കുറ്റപ്പെടുത്തി.
നിലവിൽ തെരഞ്ഞെടുപ്പ് തിരക്കിലായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും പോളിംഗിന് ശേഷം കൃത്യമായ മറുപടി നൽകുമെന്നും പിണറായി വിജയൻ പറഞ്ഞു.