Banner Ads

ഗേറ്റ് തുറന്നതും നായ പാഞ്ഞടുത്തു; പെരളശ്ശേരിയിൽ ബിഎൽഎ ഏജന്റിന് കടിയേറ്റു

പെരളശ്ശേരി : ധർമ്മടം മണ്ഡലത്തിലെ പെരളശ്ശേരി പഞ്ചായത്തിൽ വോട്ടിങ് സ്ലിപ്പ് കൊടുക്കാൻ പോയ ബിഎൽഎ ഏജന്റിന് വളർത്തുനായയുടെ കടിയേറ്റു. രാഷ്ട്രീയ പാർട്ടി പ്രതിനിധിയായ കെവി പ്രശാന്തിനാണ് കടിയേറ്റത്. ഞായറാഴ്ച സ്‌ക്വാഡ് വർക്കിന്റെ ഭാഗമായി ബാവോടുള്ള ഒരു വീട്ടിൽ വോട്ടിങ് സ്ലിപ്പ് നൽകാൻ എത്തിയതായിരുന്നു പ്രശാന്ത്.

വീടിന്റെ ഗേറ്റ് തുറക്കാൻ ശ്രമിക്കുന്നതിനിടെ അകത്ത് കെട്ടിയിട്ടിരുന്ന നായ കൂടുപൊട്ടിച്ച് ഓടിയെത്തി പ്രശാന്തിനെ ആക്രമിക്കുകയായിരുന്നു. ഗേറ്റിന് പുറത്തുനിൽക്കുകയായിരുന്ന പ്രശാന്തിന്റെ കാലിനാണ് കടിയേറ്റത്. കൂടെയുണ്ടായിരുന്ന മറ്റ് പ്രവർത്തകർ കടിയേൽക്കാതെ രക്ഷപ്പെട്ടു. പ്രശാന്ത് ആശുപത്രിയിൽ ചികിത്സ തേടി.