Banner Ads

അഴിമതിക്കഥകൾ പറഞ്ഞാൽ നേതാക്കൾ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും; ഡിസിസി പ്രസിഡന്റിനെതിരെ കൊയ്യം ജനാർദ്ദനൻ

കണ്ണൂര്‍ : തളിപ്പറമ്പ് മണ്ഡലത്തിലെ യുഡിഎഫ് വിമത സ്ഥാനാർത്ഥി കൊയ്യം ജനാർദ്ദനൻ കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്ന പോരിന്. ഡിസിസി പ്രസിഡന്റ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ മണ്ടത്തരമാണെന്നും നേതാക്കളുടെ അഴിമതിക്കഥകൾ പുറത്തുവിട്ടാൽ അവർക്ക് പൊതുസമൂഹത്തിൽ ഇറങ്ങി നടക്കാൻ കഴിയില്ലെന്നും ജനാർദ്ദനൻ പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ നടത്തിയ അഴിമതികളെക്കുറിച്ച് തനിക്ക് വ്യക്തമായ അറിവുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇവ ഓരോന്നായി പുറത്തുവിടും. അതോടെ പല നേതാക്കൾക്കും തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് ജനാർദ്ദനൻ മുന്നറിയിപ്പ് നൽകി. സിപിഎമ്മിൽ നിന്ന് പണം വാങ്ങി എന്ന ആരോപണം തെളിയിച്ചാൽ അവർ പറയുന്ന പണി ചെയ്യാൻ താൻ തയ്യാറാണ്.

താൻ പെട്ടി തൂക്കി ഭാരവാഹിയായ ആളല്ലെന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു വന്നതാണെന്നും ജനാർദ്ദനൻ കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ നേതാക്കൾ അയച്ച ദൂതന്മാർ ഇന്നലെ വരെ തന്നെ കാണാൻ വന്നിരുന്നു. തിരഞ്ഞെടുപ്പ് ചെലവും അതിന്റെ ഇരട്ടി തുകയും നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തു.

എന്നാൽ നിലപാടിൽ ഉറച്ചുനിൽക്കാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും പാർട്ടിക്കെതിരെ ഒന്നും പറയില്ലെന്നും എന്നാൽ തെറ്റായ പോക്കിനെതിരെ ശബ്ദിക്കുമെന്നും ജനാർദ്ദനൻ പറഞ്ഞു.