
വയനാട് : കേരളത്തിലെ എൽഡിഎഫ് സർക്കാരിനും കേന്ദ്രത്തിലെ ബിജെപി ഭരണത്തിനുമെതിരെ കടുത്ത ആരോപണങ്ങളുമായി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ പത്ത് വർഷത്തെ ഇടതുഭരണം കൊണ്ട് കേരളത്തിലെ സാധാരണക്കാർക്ക് എന്ത് നേട്ടമാണുണ്ടായതെന്ന് പ്രിയങ്ക ചോദിച്ചു.
അഴിമതിയും തൊഴിലില്ലായ്മയും കൊണ്ട് സംസ്ഥാനം വീർപ്പുമുട്ടുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖല പൂർണ്ണമായും തകർന്നു. കർഷകർക്കും സാധാരണക്കാർക്കുമായി ഒരു വികസന പദ്ധതിയും കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞില്ല. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്.
എല്ലാ മേഖലകളിലും അഴിമതി കൊടികുത്തി വാഴുന്നു. ജനങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിച്ചുനിൽക്കുന്ന വീക്ഷണമില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിൽ തിരഞ്ഞെടുപ്പ് ധാരണയുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കേസുകളിൽ കേന്ദ്ര ഏജൻസികൾ നടപടിയെടുക്കാത്തത്.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് കേരളം സന്ദർശിച്ച പ്രധാനമന്ത്രി ഒരക്ഷരം പോലും മിണ്ടിയില്ല. ഇത് ഇരുമുന്നണികളും തമ്മിലുള്ള ഒത്തുകളിയുടെ തെളിവാണ്. കേരളത്തിലെ സർക്കാരും കേന്ദ്ര സർക്കാരും ഒരുപോലെയാണ് പ്രവർത്തിക്കുന്നത്. രണ്ട് സർക്കാരുകളും തങ്ങൾക്കെതിരെയുള്ള ശബ്ദങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.