Banner Ads

ഇടിമിന്നലും ശക്തമായ കാറ്റും; കേരളത്തിൽ മഴ കനക്കുന്നു, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കോട്ടയം : സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു. ഇന്നും വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും, വ്യാഴാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. ശക്തമായ കാറ്റിൽ മരങ്ങൾ വീഴാനോ ചില്ലകൾ ഒടിയാനോ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.