Banner Ads

പ്രായപൂർത്തിയായവൾക്ക് സ്വന്തം ഇഷ്ടം; 40കാരനായ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാൻ 19കാരിക്ക് കോടതി അനുമതി

ഭോപ്പാൽ : പ്രായപൂർത്തിയായ ആർക്കും സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് അടിവരയിട്ട് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ച്. 40 വയസ്സുള്ള ഭർത്താവിനൊപ്പം ജീവിക്കാൻ താൽപ്പര്യമില്ലെന്നും കാമുകനൊപ്പം പോകണമെന്നുമുള്ള 19കാരിയുടെ നിലപാട് കോടതി അംഗീകരിച്ചു.

തന്റെ ഭാര്യയെ അനുജ് കുമാർ എന്നയാൾ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആരോപിച്ച് 40കാരനായ ഭർത്താവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതി നടപടി. പോലീസ് യുവതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. താനും ഭർത്താവും തമ്മിൽ 21 വയസ്സിന്റെ വ്യത്യാസമുണ്ടെന്നും ഇത് ദാമ്പത്യബന്ധത്തെ സാരമായി ബാധിക്കുന്നുവെന്നും യുവതി കോടതിയെ അറിയിച്ചു.

ഭർത്താവിനൊപ്പമുള്ള ജീവിതത്തിൽ പലപ്പോഴും താൻ അപമാനിതയാണെന്നും കാമുകനായ അനുജ് കുമാറിനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് യുവതി പറഞ്ഞു. തീരുമാനത്തിൽ പുനർചിന്തനം നടത്താൻ ജസ്റ്റിസ് ആനന്ദ് പാഥക്, ജസ്റ്റിസ് പുഷ്പേന്ദ്ര യാദവ് എന്നിവരടങ്ങുന്ന ബെഞ്ച് യുവതിക്ക് സമയം നൽകിയിരുന്നു. എന്നാൽ കൗൺസിലിംഗിന് ശേഷവും തന്റെ തീരുമാനത്തിൽ യുവതി ഉറച്ചുനിന്നു.

യുവതിയെ സംരക്ഷിക്കുമെന്ന് പങ്കാളി കോടതിയിൽ ഉറപ്പുനൽകുകയും ചെയ്തു. 19 വയസ്സുള്ള യുവതി പ്രായപൂർത്തിയായ ആളായതിനാൽ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നൽകി. അടുത്ത ആറ് മാസത്തേക്ക് യുവതിയെയും പങ്കാളിയെയും നിരീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കി.