Banner Ads

ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചു; പ്രോഗ്രസ് റിപ്പോർട്ടുമായി പിണറായി; അഭിമാനമായി വിഴിഞ്ഞവും ലൈഫ് പദ്ധതിയും

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പിലാക്കി എന്നതിന്റെ കൃത്യമായ കണക്കുകൾ നിരത്തി ഇടതുമുന്നണിയുടെ പ്രോഗ്രസ് റിപ്പോർട്ട്. സിപിഐ നേതാവ് ഡിഎൻ ചന്ദ്രന് റിപ്പോർട്ട് നൽകിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിച്ചു. 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷൻ വഴി 5 ലക്ഷം വീടുകൾ പൂർത്തിയാക്കി. 486000 പേർക്ക് പട്ടയം വിതരണം ചെയ്തു. മത്സ്യത്തൊഴിലാളികൾക്കായി പുനർഗേഹം പദ്ധതിയിൽ വീടുകൾ നിർമ്മിച്ചു. 64000 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കി. ജപ്തി നടപടികളിൽ നിന്ന് വീടുകൾ സംരക്ഷിക്കാൻ ഏക കിടപ്പാട സംരക്ഷണ നിയമം നടപ്പാക്കി. പി എസ് സി നിയമനം വഴി 313212 പേർക്ക് ജോലി നൽകി.

കെ സ്മാർട്ട് വഴി 82 ലക്ഷം അപേക്ഷകളിൽ അതിവേഗം നടപടി സ്വീകരിച്ചു. പ്രവാസികൾക്കായി 150 കോടി രൂപ അനുവദിച്ചു. പ്രത്യേക പോലീസ് സ്റ്റേഷനുകൾ ആരംഭിച്ചു. സർക്കാർ ജീവനക്കാർക്കായി അഷ്വേർഡ് പെൻഷൻ പദ്ധതി 2025 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്നു. ജെബി കോശി കമ്മീഷൻ ശുപാർശകളിൽ 220 എണ്ണം നടപ്പാക്കി. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.

രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായ വിഴിഞ്ഞം പൂർത്തിയാക്കാൻ കഴിഞ്ഞത് സർക്കാരിന്റെ വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2028ഓടെ തുറമുഖത്തിന്റെ നിർമ്മാണം പൂർണ്ണമായി പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തബാധിതരെ വിശ്വാസത്തിലെടുത്താണ് സർക്കാർ നീങ്ങുന്നത്. ദുരന്തത്തിൽപ്പെട്ടവർക്കായി 178 വീടുകൾ പൂർത്തിയാക്കി.

ബാക്കിയുള്ളവയുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നു. വിഷുവിന് മുൻപായി എല്ലാ ദുരന്തബാധിതർക്കും താമസം ഒരുക്കുമെന്നും ടൗൺഷിപ്പ് യാഥാർത്ഥ്യമാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. യാത്രയിലെ വേഗതയില്ലായ്മ പരിഹരിക്കാനാണ് കെ-റെയിൽ കൊണ്ടുവന്നത്.

എന്നാൽ യുഡിഎഫും ബിജെപിയും ചേർന്ന് അതിനെ എതിർത്തു. രാഷ്ട്രീയ സമ്മർദ്ദം കാരണം കേന്ദ്രം അനുമതി നിഷേധിച്ചു. ഇതിന് പകരമായി കേന്ദ്രാനുമതി ആവശ്യമില്ലാത്ത RRT പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.