
തിരുവനന്തപുരം : പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ നിഷ്പക്ഷ വോട്ടുകളെ സ്വാധീനിക്കാനുള്ള നെട്ടോട്ടത്തിലാണ് മൂന്ന് മുന്നണികളും. കോൺഗ്രസിന്റെ മുൻനിര നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ന് വടക്കൻ കേരളത്തിൽ ആവേശം വിതയ്ക്കും.
കൊല്ലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നയിക്കുന്ന റോഡ് ഷോയും ഇന്ന് നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ തുടരുകയാണ്. ഇന്നലെ ബേപ്പൂരിൽ എൻഡിഎ സ്ഥാനാർത്ഥിക്കായി വോട്ട് തേടിയ അദ്ദേഹം ഇന്നും സജീവമായി രംഗത്തുണ്ടാകും.
കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് പാലക്കാട് മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ പങ്കുചേരും. ഇടതുപക്ഷ സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. തുടർന്ന് വൈകുന്നേരം 3 മണിക്ക് പെരളശ്ശേരിയിൽ നടക്കുന്ന റോഡ് ഷോയിലും മുഖ്യമന്ത്രി പങ്കെടുക്കും.