
ആലപ്പുഴ : സംസ്ഥാനത്ത് എൽഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2021ൽ ബിജെപിയുമായുണ്ടാക്കിയ അതേ രഹസ്യ ധാരണ ഇത്തവണയും ആവർത്തിക്കുകയാണെന്നും അധികാരം നിലനിർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഏത് ചെറ്റത്തരത്തിനും മുതിരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അഭിമന്യുവിനെ കൊന്നവരെ പിണറായി കൂട്ട് പിടിക്കുകയാണ്. രണ്ട് വോട്ടിനുവേണ്ടി വർഗ്ഗീയ കക്ഷികളെ കൂട്ടുപിടിക്കുന്ന പിണറായിക്ക് അഭിമന്യുവിന്റെ അമ്മയുടെ കണ്ണീർ കാണാനാവുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്ന മോദിയും പിണറായിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്.
ട്വന്റി-20 അടക്കമുള്ള പാർട്ടികൾക്ക് സീറ്റ് നൽകിയത് ഈ വോട്ട് കച്ചവടത്തിന്റെ ഭാഗമാണെന്നും ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷം കേരളത്തിന്റെ ഇരുണ്ട കാലമായിരുന്നു. ഒരു വൻകിട പദ്ധതി പോലും നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചില്ല. വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും ചെന്നിത്തല പരിഹസിച്ചു. പരാജയഭീതി പൂണ്ട സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യാൻ ഒരുങ്ങുകയാണ്.
പലയിടങ്ങളിലും യുഡിഎഫ് ഓഫീസുകൾ തകർത്ത് അക്രമം അഴിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമാണ് നിലനിൽക്കുന്നത്. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ചെന്നിത്തല പ്രത്യാശ പ്രകടിപ്പിച്ചു. എസ്ഡിപിഐ അടക്കമുള്ള വർഗ്ഗീയ ശക്തികളുമായി യാതൊരു സഹകരണവുമില്ലെന്നതാണ് യുഡിഎഫ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.